Thursday 9 February 2012

ലാലൂര്‍: എന്തുകൊണ്ട് ഇങ്ങിനെ ഒരു അനിശ്ചിതകാല നിരാഹാരസമരം ?


തൃശൂര്‍ കോര്‍പ്പറേഷനിലെ ലാലൂരില്‍ ഏറെക്കാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അശാസ്ത്രീയമായ മാലിന്യകേന്ദ്രത്തിനെതിരെ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന സമരം ഗുരതരമായ അവസ്ഥയില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വരുന്ന ഫെബ്രുവരി 14 മുതല്‍ സമരസമിതി ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാരസമരത്തില്‍ പങ്കെടുത്ത് ഞാന്‍ നിരാഹാരമാരംഭിക്കുകയാണ്. ഈ സമരത്തിന് എല്ലാവരുടെയും ധാര്‍മികമായ പിന്തുണ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സമരത്തിന്റെ സാഹചര്യം വിശദീകരിക്കുന്ന പ്രസ്താവനയാണ് താഴെ:

ലാലൂര്‍: എന്തുകൊണ്ട് ഇങ്ങിനെ ഒരു അനിശ്ചിതകാല നിരാഹാരസമരം ?


കെ. വേണു


കേരളത്തിലെ ഒരു മാലിന്യസംസ്‌ക്കരണകേന്ദ്രത്തിനെതിരായി ആരംഭിച്ച ആദ്യത്തെ സമരമാണ് ലാലൂരിലേത്. 1988ല്‍ ആരംഭിച്ചശേഷം ഇപ്പോള്‍ 24 വര്‍ഷമായിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, രൂക്ഷമാവുകയും ചെയ്തിരിക്കുന്നു. ഇവിടത്തെ രണ്ടു മുന്നണികളും മുന്‍സിപ്പാലിറ്റിയിലും പഞ്ചായത്തിലും കോര്‍പ്പറേഷനിലുമെല്ലാം അധികാരത്തിലുണ്ടായിരുന്നിട്ടും പ്രശ്‌നപരിഹാരത്തിന്  അധികാരികളുടെ  ഭാഗത്തുനിന്ന് ഉത്തരവാദിത്വപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടായില്ല. നിരന്തരമായ സമരത്തെ നേരിട്ടതുകൊണ്ടുമാത്രം പല പദ്ധതികള്‍ ആവിഷ്‌ക്കരിക്കപ്പെടുകയും കോടിക്കണക്കിന് രൂപ ചിലവഴിക്കപ്പെടുകയുമുണ്ടായെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. സമരസമിതി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, ജില്ലാ ജഡ്ജിയെക്കൊണ്ട് ലാലൂര്‍ നിവാസികളുടെ കൊടുംദുരിതത്തിന്റെ നേര്‍ക്കാഴ്ചയുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിച്ച്, കോര്‍പ്പറേഷനോട് അടിയന്തിരനടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി കര്‍ക്കശ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഒന്നും നടപ്പിലായില്ല. സമരസമിതി സംഘടിപ്പിച്ച നിരന്തരസമരങ്ങളില്‍ തൃശൂരില്‍നിന്ന് മാത്രമല്ല കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സാംസ്‌കാരിക സാമൂഹ്യപ്രവര്‍ത്തകര്‍ പങ്കെടുത്തു. യേശുദാസും സുഗതകുമാരിയുമെല്ലാം ഇതിലുള്‍പ്പെടുന്നു. തൃശൂരില്‍നിന്ന് സുകുമാര്‍ അഴീക്കോടും, സാറാ ജോസഫുമെല്ലാം നിരന്തരസാന്നിദ്ധ്യമായിരുന്നു. അവസാനം അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി മുന്‍കൈയെടുത്ത് LAMPS എന്ന വികേന്ദ്രീകൃത സംസ്‌ക്കരണപദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചു. ആവശ്യമായ പണം അനുവദിക്കുകയും ചെയ്തു. പക്ഷെ, കോര്‍പ്പറേഷന്‍ ഭരിച്ചിരുന്ന ഇടതുമുന്നണി ആ പദ്ധതി നടപ്പിലാക്കിയില്ല. ലാലൂര്‍പ്രശ്‌നത്തില്‍ ഇടതുമുന്നണിയുടെ നിഷ്‌ക്രിയത്വം ഉയര്‍ത്തിക്കാട്ടി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫിന് വമ്പിച്ച പിന്തുണയാണ് ജനങ്ങള്‍ നല്‍കിയത്. എന്നാല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ്. LAMPS നടപ്പിലാക്കാന്‍ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല വ്യാപാരി വ്യവസായികളുമായി ചേര്‍ന്ന് അതിനെ തുരങ്കം വെയ്ക്കുകയാണ് ചെയ്തത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമെല്ലാം ലാലൂര്‍ സന്ദര്‍ശിക്കുകയും പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോര്‍പ്പറേഷന്‍ അധികൃതരും എം.എല്‍.എ. തേറമ്പില്‍ രാമകൃഷ്ണനും സമരസമിതി പ്രതിനിധികളും പങ്കെടുക്കുകയും സമവായാടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കുകയും ചെയ്തു. ലാലൂരിലെ മാലിന്യമല കോള്‍പ്പാടത്തുകൂടി പണിയാന്‍ ഉദ്ദേശിക്കുന്ന ഒരു റോഡിനായി ഉപയോഗിച്ചുകൊണ്ട്  പൂര്‍ണ്ണമായി നീക്കം ചെയ്യാനും LAMPS പ്രകാരം തീരുമാനിച്ചിരുന്ന സംസ്‌കരണകേന്ദ്രങ്ങളില്‍ രണ്ടെണ്ണം തുടങ്ങുവാനുള്ള നടപടികള്‍ 2012 ജനുവരി 1നു മുമ്പ് തുടങ്ങാനുമായിരുന്നു തീരുമാനം.
2012 ഫെബ്രുവരി ആയിട്ടും ഈ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഒരു നടപടിയും കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഈ അവസ്ഥ സമരസമിതി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കോര്‍പ്പറേഷനെക്കൊണ്ട് നടപടികളെടുപ്പിക്കാന്‍ കഴിയാതെ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇത്തരമൊരു സാഹചര്യത്തില്‍ മറ്റ് പോംവഴികളൊന്നുമില്ലാതെയാണ് സമരസമിതി ഫെബ്രുവരി 14 മുതല്‍ സമിതി വൈസ് ചെയര്‍മാന്‍ അഡ്വ. രഘുനാഥ് കഴുങ്കിലിന്റെ അനിശ്ചിതകാലനിരാഹാരസമരം ആരംഭിക്കാന്‍ തീരുമാനിച്ചത്. അതിനിടയിലാണ് ലാലൂര്‍ മാലിന്യമലയില്‍ തീപ്പിടുത്തമുണ്ടാവുകയും ഒരാഴ്ചക്കാലം ആ പ്രദേശം മുഴുവന്‍ വിഷപ്പുകയില്‍ മുങ്ങുകയും ചെയ്തത്. എന്നിട്ടും മാലിന്യമല നീക്കം ചെയ്യാനുള്ള ശ്രമങ്ങളൊന്നും കോര്‍പ്പറേഷന്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. സമരത്തിന്റെ തയ്യാറെടുപ്പിനുവേണ്ടിയുള്ള സമരസഹായസമിതിയുടെ യോഗം ചേര്‍ന്നപ്പോള്‍ അതില്‍ പങ്കെടുത്ത എനിക്ക് പുകയില്‍ മുങ്ങിയ ലാലൂര്‍ നിവാസികളുടെ ദുരിതകഥകള്‍ നേരിട്ടു മനസ്സിലാക്കാനാകുകയും കോര്‍പ്പറേഷന്‍ അധികൃതരുടെ നിരുത്തരവാദിത്വത്തിന്റെ ഗൗരവാവസ്ഥ ബോധ്യപ്പെടുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ അഡ്വ. രഘുനാഥിന് പകരം അനിശ്ചിതകാല നിരാഹാരസമരം ഞാന്‍ ആരംഭിക്കാമെന്ന് നിര്‍ദ്ദേശിച്ചത് സമരസമിതി അംഗീകരിക്കുകയും ചെയ്തു. നവംബര്‍ 30ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ എടുത്ത തിരുമാനങ്ങള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഉടനടി നടപ്പിലാക്കുക എന്ന ആവശ്യം നേടുന്നതിനുവേണ്ടി ഫെബ്രുവരി 14ന് ആരംഭിക്കുന്ന ഈ അനിശ്ചിതകാല നിരാഹാരസമരത്തിന് കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവന്‍ ജനങ്ങളുടേയും സഹകരണവും പിന്തുണയും അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.


തൃശൂര്‍


8-2-2012
നിരാഹാരം ആറാം ദിവസം